Wednesday, December 8, 2010

രണ്ടമ്മമാരും നിസ്സാരമല്ലാത്ത ചില പ്രശ്‌നങ്ങളും
രണ്ട്‌ അമ്മമാരുടെ കഥ. രണ്ടു ദിവസത്തെ ഇടവേളയ്‌ക്കുള്ളില്‍ മാധ്യമങ്ങളില്‍ വായിച്ചും കണ്ടുമറിഞ്ഞതെങ്കിലും വാര്‍ത്തയേതിനെയും പോലെ ക്ഷണികമായ വികാരക്ഷോഭങ്ങളെ തൃപ്‌തമാക്കി എവിടെയുമൊരു പാടും വീഴ്‌ത്താതെ കടന്നുപോയത്‌. മകന്‍ വിറകുപുരയില്‍ പൂട്ടിയിട്ട 82കാരിയ ഒരു വൃദ്ധമാതാവിന്റെ കഥയാണ്‌ ആദ്യത്തേത്‌. നാല്‌ ആണ്‍മക്കളും കൈയൊഴിഞ്ഞഈ അമ്മയെ അഗതി മന്ദിരത്തിലേക്ക്‌ കൊണ്ടുപോകുന്നതായിരുന്നു കണ്ടത്‌. രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിച്ച്‌ ഏറെ വൈകും മുമ്പ്‌ തിരിച്ചെടുക്കാന്‍ ചെന്ന്‌ നിരാശയായി ജീവനൊടുക്കാന്‍ ശ്രമിച്ച 20 കാരിയായ അമ്മയുടെ കഥയാണ്‌ മറ്റൊന്ന്‌. ഭ്രാന്തമായ മുറവിളികള്‍ക്കൊടുവില്‍ അനാഥത്വത്തിന്റെ തൊട്ടിലില്‍ നിന്ന്‌ പിഞ്ചോമനയെ സ്വന്തം നെഞ്ചിന്റെ ചൂടിലേക്ക്‌ തിരിച്ചെടുക്കുന്നതിന്റെ വികാരനിര്‍ഭര രംഗം.ഈ രണ്ടു കാഴ്‌ചകള്‍ക്കുമിടയില്‍ നിന്ന്‌ പിന്‍വാങ്ങുമ്പോള്‍ `സാരമില്ലമ്മേ'' എന്ന്‌ എങ്ങനെ നാം പറയും? പ്രായം കൊണ്ട്‌ ജീവിതത്തിന്റെ രണ്ട്‌ അറ്റങ്ങളില്‍ നില്‍ക്കുന്ന ഈ അമ്മമാരുടെ കഥകള്‍ ചേര്‍ത്തും ഓര്‍ത്തും നോക്കുമ്പോള്‍ കണ്ണാടിയില്‍ തെളിയുന്നതെന്താണ്‌?പട്ടിക്കൂടിന്റെ ഔദാര്യം?``പട്ടിക്കൂടിനോളം മാത്രം വലിപ്പമുള്ള വിറകുപുരയില്‍ പൂട്ടിയിട്ട 82 കാരിയെ ജനമൈത്രി പൊലീസെത്തി രക്ഷപ്പെടുത്തി.'' നവംബര്‍ 12 ന്‌ പത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നാണ്‌. സരസ്വതിയമ്മയെ പൂട്ടിയിട്ടത്‌ മറ്റെവിടെയുമല്ല; മകന്റെ പണിപൂര്‍ത്തിയാകുന്ന വീടിന്റെ വിറകുപുരയിലാണ്‌. മകന്‍ ദാനം ചെയ്‌ത പട്ടിക്കൂടിനുള്ളില്‍ മരവിച്ച്‌, `കൂട്ടില്‍ നിന്ന്‌ വിടാത്ത'' ജീവനുമായി മല്ലടിച്ച്‌ ദിവസങ്ങള്‍ കഴിച്ച ഈ വയോധികയെ യാദൃഛികമായാണ്‌ ആരോഗ്യ ബോധവല്‍ക്കരണത്തിനെത്തിയ നഴ്‌്‌സിങ്‌ വിദ്യാര്‍ഥികള്‍ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്‌തത്‌. സ്വന്തം അമ്മയെ വിറകുപുരയില്‍ പൂട്ടിയിട്ടത്‌ മാലോകരറിയുകയും നാണംകെടുകയും ചെയ്‌ത മക്കള്‍ ഉടനെ മത്സരബുദ്ധിയോടെ വന്ന്‌ ക്ഷമാപണം നടത്തി അമ്മയെ കൂട്ടിക്കൊണ്ടുപോയിരിക്കുമെന്ന്‌ മോഹിച്ച ശുദ്ധാത്മാക്കള്‍ക്ക്‌ തെറ്റി. പിറ്റേന്നും ഈ അമ്മയുടെ വാര്‍ത്തയും ചിത്രവും വന്നു. പട്ടിണിയും അവശതയും കൊണ്ട്‌ മൃതപ്രായയായ അമ്മയുടെ മുഖം ദൈന്യതയടെ വിളംബരം പോലെ. നിരാലംബയായ അവരുടെ കൈകളില്‍ പിടിച്ചുനില്‍ക്കുന്ന സിസ്‌റ്റര്‍. ചിത്രത്തിനടിയില്‍ ഇങ്ങനെ വായിക്കാം. ``സാരമില്ലമ്മേ.. മക്കളും ബന്ധുക്കളും സംരക്ഷിക്കാന്‍ മടിച്ച സരസ്വതിയെ ഉദയംപേരൂര്‍ പരിപാലനഭവനില്‍ എത്തിച്ചപ്പോള്‍.'' വാര്‍ത്ത തുടരുന്നു. `ഇവരുടെ നാല്‌ ആണ്‍മക്കളെയും ബന്ധുക്കളെയും പൊലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും പൂര്‍ണമനസോടെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറച്ച മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ്‌ പൊലീസ്‌ സരസ്വതിയമ്മയെ പരിപാലനഭവനിലെത്തിച്ചത്‌'. കഥ ഇവിടെ ശുഭപര്യവസായിയായി.ഇതെന്റെ ജീവനെക്കാള്‍ വലുത്‌ ``രണ്ടര വയസ്സുള്ള മകനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച്‌ പിന്നീട്‌ തിരികെ വേണമെന്നാവശ്യപ്പെട്ട്‌ എത്തിയ പാലമറ്റം കോളനിയില്‍ സജിതയെ(20)വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'' നവംബര്‍ 14 ന്റെ ഈ വാര്‍ത്ത കോട്ടയം ജില്ലയില്‍ നിന്നാണ്‌. നവം: 11ന്‌ വ്യാഴാഴ്‌ച രാവിലെയാണ്‌ കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ സജിത കുഞ്ഞിനെ ഉപേക്ഷിച്ചത്‌. അന്ന്‌ ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിനെ വീണ്ടെുടുക്കാന്‍ ഇവര്‍ ആശുപത്രിയിലും പൊലീസ്‌്‌ സ്‌റ്റേഷനിലും ചെന്ന്‌ വിലപിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ഒന്നു കാണാന്‍ പോലും കഴിയാഞ്ഞപ്പോള്‍ അവനെ ഇനിയൊരിക്കലും തനിക്ക്‌ തിരിച്ചുകിട്ടില്ലെന്നവള്‍ സങ്കടപ്പെട്ടു.പ്രണയത്തെ തുടര്‍ന്നായിരുന്നു സജിതയുടെ വിവാഹം. ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞ സജിത വീട്ടുകാരും കൈയൊഴിഞ്ഞതോടെ അനാഥാവസ്ഥയിലായി. ജീവിതം വഴിമുട്ടിയപ്പോളാണ്‌ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാന്‍ തോന്നിയതെന്ന്‌ അധികൃതരോട്‌ കുറ്റസമ്മതം ചെയ്‌തു. നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചൊന്നും ആ അമ്മക്കറിയില്ലായിരുന്നു. ഉപേക്ഷിച്ച കുട്ടിയെ തിരികെ കിട്ടണമെങ്കില്‍ അമ്മ താനാണെന്ന്‌ തെളിയിക്കുന്ന രേഖ നല്‍കണമെന്ന്‌്‌ വ്യവസ്ഥ. എന്നാല്‍ തന്റെ ഉണ്ണിയെ തിരിച്ചുകിട്ടാന്‍ കണ്ണ്‌ ചൂഴ്‌ന്ന്‌്‌ പൂതത്തിനു നല്‍കി ``ഇതിലും വലിയതാണെന്റെ പൊന്നേമന അതിനെ തരികെ''ന്ന്‌ പറഞ്ഞ ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെപ്പോലെ ഇവളും ഇത്‌ തന്റെ ജീവനെക്കാള്‍ വലുതാണെന്ന്‌ സാക്ഷ്യം നല്‍കി. പിന്നെയും രണ്ടുനാള്‍ കഴിഞ്ഞ്‌ കുഞ്ഞിനെ തിരികെ കിട്ടിയപ്പോഴാണ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജിത സാധാരണനിലയിലെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക്‌ തിരിച്ചുകൊടുത്ത മുഹൂര്‍ത്തം എത്രമാത്രം വികാരഭരിതമായിരുന്നുവെന്ന്‌ ആ ചിത്രവും (തൊട്ടിലില്‍ നിന്ന്‌ അമ്മയിലേക്ക്‌) അവിടെയുണ്ടായിരുന്നവരുടെ സാക്ഷ്യങ്ങളും പറയുന്നു. സ്വന്തം കുഞ്ഞിന്‌ സംരക്ഷണമേകാന്‍ അമ്മയോളം പോന്ന തൊട്ടിലൊന്നുമില്ലെന്ന ബോധ്യത്തിന്റെ മുഹൂര്‍ത്തമായി അത്‌.വീഴുന്നതാരുടെ മുഖംമൂടിയാണ്‌?വീടിന്റെ വിറകുപുരയിലേക്കും അവിടെനിന്നും അനാഥാലയത്തിലേക്കും തള്ളിവിട്ട നാല്‌ ആണ്‍മക്കളുടെ വൃദ്ധയായ അമ്മയുടെയും, സ്വന്തം ജീവിതം അനാഥത്വത്തിന്റെ പടുകുഴിലെങ്കിലും തന്റെ മകനെ അനാഥത്വത്തിലേക്ക്‌ തള്ളിവിടാനാകാത്ത യുവതിയായ ഈ അമ്മയുടെയും കഥകളില്‍ എന്ത്‌ പുതുമ? ഏറെ കേട്ടതും വരുംകാലത്ത്‌ വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ പോലുമിടയില്ലാത്തതുമായ നമ്മുടെ സ്വാഭാവിക ജീവിതം!എങ്കിലും ഒരേ ജീവിതത്തിന്റെ ആദ്യന്തങ്ങളില്‍ നില്‍ക്കുന്ന ഈ രണ്ടമ്മമാരുടെയും അനുഭവങ്ങളില്‍ തെളിയുന്ന നമ്മുടെ ജീവിതം എന്താണ്‌? ഇതിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും മറക്കാനാണ്‌ നമുക്കിഷ്‌ടം. ആദ്യകഥയിലെ അമ്മ ഉപയോഗം കഴിഞ്ഞ്‌ തേയ്‌മാനം വന്ന വസ്‌തു. ഉപയോഗം കഴിഞ്ഞതെന്തും വെച്ചേക്കാതെ വലിച്ചെറിയുന്ന കാലത്ത്‌ ഒന്ന്‌ റിപ്പയര്‍ ചെയ്‌ത്‌ പോലും ഉപയോഗിക്കാനാകാത്ത ഈ പാഴ്‌ വസ്‌തു പിന്നെ എന്തു ചെയ്യും. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ വലിയ പ്രശ്‌നം മാലിന്യ കൂനകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ്‌. നിക്ഷേപിക്കാന്‍ സ്ഥലം പോരെന്നതാണ്‌. `സംസ്‌കര'ണവിദ്യകളൊന്നും ഇനിയും അത്ര `സമ്പന്ന'മായിെല്ലന്നതാണ്‌. അതെന്തായാലും നന്നായി. ഓര്‍മകള്‍ വേട്ടയാടാന്‍ തുടങ്ങിയാല്‍ നമുക്ക്‌ തിരിച്ചുചെല്ലാം. വിലപിടിച്ച പലതും ഇവിടെനിന്ന്‌ മടക്കിയെടുക്കാനുണ്ടാകും. രണ്ടാമത്തെ കഥയിലെ 20 കാരിയായ അമ്മയുടെ കഥ മറ്റൊന്നാണ്‌. തനിക്ക്‌ വേദനകള്‍ മാത്രം നല്‍കിയ ഒരു ദാമ്പത്യത്തിന്റെ, പ്രണയത്തിന്റെ കയ്‌ക്കുന്ന സ്‌മാരകമാണ്‌ രണ്ടര വയസുള്ള ആ ആണ്‍പ്രജ. എന്നാല്‍ തന്നെയും കുഞ്ഞിനെയും അനാഥരാക്കി കടന്നുപോയ്‌ക്കളഞ്ഞവനോടുള്ള പ്രതികാരമായി പോലും ആ ചോരപ്പൊടിപ്പിനെ ഉപേക്ഷിക്കാന്‍ അവള്‍ക്ക്‌ കഴിയുമായിരുന്നില്ല. ഇനിയും അതിനെ പേറേണ്ടിവരികയെന്നത്‌ ഏറെ കാലത്തേക്കെങ്കിലും തന്റെ വേദന തന്നെയായിരിക്കുമെന്നും അവള്‍ക്കറിയാഞ്ഞല്ല. ഇവിടെ അവള്‍ക്ക്‌ അവനെയല്ല; അവന്‌ അവളെയാണ്‌ ആവശ്യം. എന്നിട്ടും അവളാണ്‌ അവനെ തിരിച്ചെടുക്കാന്‍ ഓടിയത്‌. എന്നല്ല, ഉപേക്ഷിച്ചതിനുശേഷം അവനെ കുറിച്ചുള്ള വിചാരങ്ങള്‍ വേട്ടപ്പട്ടിയെ പോലെ ആ ദിവസങ്ങളിലത്രയും അവളെ ഓടിച്ചുകൊണ്ടിരുന്നു. മടക്കി കിട്ടിയപ്പോള്‍ സ്വന്തം ജീവന്‍ തിരിച്ചുകിട്ടിയതിനെക്കാള്‍ അവള്‍ സന്തോഷിച്ചു. ഇതാണ്‌ അമ്മയെന്ന പദവിയെ പവിത്രവും മഹത്വമാര്‍ന്നതുമായി വാഴ്‌ത്തി പാടുന്നതിനു പിന്നിലെ രഹസ്യവും. പ്രണയവും സ്വപ്‌നങ്ങളുമെല്ലാം തകര്‍ത്ത്‌ തന്റെ ജീവിതം അനാഥമാക്കിയ ആ `ആണൊരുത്ത' നോടുള്ള പക തീര്‍ക്കാനൊന്നുമായിരുന്നില്ല അവള്‍ അതിനെ തൊട്ടിലില്‍ ഉപേക്ഷിച്ചത്‌. എന്നാലും ഇതിനവരെ കുറ്റപ്പെടുത്താനും ഏറെപ്പേരുണ്ടാകും. അവരോട്‌ ജര്‍മന്‍ കവി ബ്രെഹ്‌റ്റ്‌ നേരത്തെ പറഞ്ഞ മേരിഫെറാറിന്റെ കഥയോര്‍മിപ്പിക്കാം. വേലക്കാരിയായ അവള്‍ പിഴച്ചുപെറ്റ സന്തതിയെ കക്കൂസ്‌ മുറിയില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. സദാചാരികളും കാരുണ്യവാദക്കാരുമെല്ലാം കയര്‍ക്കും. അവരോട്‌ കവി പറഞ്ഞു `കോപിക്കൊലാ നിങ്ങള്‍'. വീട്‌, കുടുംബം, ദാമ്പത്യം, പ്രണയം.. മൂല്യങ്ങളെ കുറിച്ചെല്ലാം ഉഗ്രമായി പ്രസംഗിക്കുക. ആചാരാനുഷ്‌ഠാനങ്ങളെല്ലാം വാശിയോടെ പിന്തുടരുക. എന്നിട്ട്‌ വിപണിയെ ദൈവവും ദൈവത്തെ മാജിക്കുകാരനുമാക്കുക. പിന്നെ പ്രണയത്തെ ഭോഗവും ഭോഗത്തെ ഉപഭോഗവും അതിനെ തന്നെ സംസ്‌കാരവുമാക്കുക. എന്തിനെയും ഏതിനെയും ഉപയോഗിക്കുക, വലിച്ചെറിയുക. ഇവിടെ അഴിഞ്ഞുവീഴുന്നത്‌ ഈ ആണ്‍കോയ്‌മയുടെ, ആസക്തിയുടെ, നമ്മുടെ തന്നെ മുഖംമൂടിയല്ലേ? കുറ്റബോധത്തോടെയല്ലാതെ `സാരമില്ലമ്മേ' എന്ന്‌ എങ്ങനെ നാം ഇവരെ സാന്ത്വനിപ്പിക്കും?