Thursday, November 18, 2010

പൂരം: ചരിത്രത്തിലും കാലത്തിലും


സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെയാണ്‌ ആഘോഷങ്ങളെയും ഉത്സവങ്ങളെയും പ്രസക്തമാക്കുന്നത്‌. ചരിത്രവും പുരാവൃത്തവുമായി ബന്ധപ്പെട്ട ഇവ രാഷ്‌ട്രീയവും സാമൂഹ്യവുമായുംഅന്വേഷണവിഷയമാകുന്നത്‌ അതുകൊണ്ടാണ്‌. പ്രത്യേകിച്ച്‌ വിമോചന രാഷ്‌ട്രീയ സങ്കല്‍പ്പങ്ങളില്‍ ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ക്ക്‌ സവിശേഷ പ്രസക്തിയുണ്ട്‌. സംഘജീവിതം മനുഷ്യന്റെ എന്നത്തെയും അനിവാര്യതയും വ്യസനവുമാണ്‌. വ്യക്തിയായും സമൂഹജീവിയായും ഓരേ സമയം ജീവിക്കുന്നതിന്റെ ഭിന്നാവസ്ഥകളെ പലേതരത്തിലാണ്‌ അവന്‍ മറികടക്കുന്നത്‌. ഉത്സവങ്ങളും ആഘോഷങ്ങളും ഈയൊരു സംഘര്‍ഷത്തിന്റെ മൂര്‍ത്ത പ്രകടനങ്ങളാകുന്നുണ്ടെന്ന്‌ കാണാം. ലോകത്തെവിടെയും ഉത്സവങ്ങളില്‍ ദൃശ്യമാകുന്ന മനുഷ്യോര്‍ജത്തിന്റെ വന്യമായ അണമുറിയല്‍ ഒരു വിമലീകരണത്തിന്റെ ദൗത്യമാണ്‌ നിര്‍വഹിക്കുന്നത്‌. പൂരങ്ങളുടെ പൂരമെന്ന്‌ വിളിപ്പെട്ട തൃശൂര്‍പൂരത്തെക്കുറിച്ച്‌ കെ കെ ശിവദാസ്‌ രചിച്ച `തൃശൂര്‍പൂരം പകിട്ടും പെരുമയും' എന്ന പുസ്‌തകം പതിവ്‌ ഫോക്‌ലോര്‍ പഠന ചിട്ടവട്ടങ്ങളില്‍ എഴുതപ്പെട്ടതല്ല. ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും രീതിശാസ്‌ത്രങ്ങള്‍ക്കൊപ്പിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളുടെ ഉല്‍പ്പത്തി അന്വേഷിക്കുന്നതിനു പകരം ഉത്സവത്തിന്റെ നിര്‍വഹണ രീതിയെയും കാലികമായ പരിണാമങ്ങളെയും വിശദീകരിച്ചുകൊണ്ട്‌ `ഉത്സവത്തെ പ്രവര്‍ത്തനരീതിയും സന്ദര്‍ഭവുമായി' മനസിലാക്കാനാണ്‌ ശിവദാസ്‌ ശ്രമിക്കുന്നത്‌. പൂരംപുറപ്പാട്‌, പൂരപ്പെരുമ, ദേശവലത്ത്‌, പൂരപ്പൊലിമ, കൊടിയിറക്കം എന്നിങ്ങനെ അഞ്ച്‌ അധ്യായങ്ങളിലായി പൂരത്തിന്റെ പൊതുപരിസരം, ആവിര്‍ഭാവം, പ്രവര്‍ത്തന രീതി, നിരന്തരപരിണാമം എന്നിവ വിശകലനം ചെയ്‌തുകൊണ്ട്‌ പൂര കാഴ്‌ചയെ സ്ഥൂലത്തില്‍ നിന്ന്‌ സൂക്ഷ്‌മത്തിലേക്ക്‌ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫിക്‌ രീതിയാണ്‌ വിശകലനത്തിന്റെ പ്രത്യേകത. ``മതവിശ്വാസം, കുടുംബജീവിതം, ദേശീയത, ഋതുഭേദം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ഥങ്ങളായ ഉത്സവങ്ങള്‍ ലോകമെമ്പാടുമുണ്ട്‌. പ്രത്യേക പ്രദേശത്തുള്ള ആളുകളും അവരുടെ തൊഴിലുകളും അവ തീര്‍ക്കുന്ന സവിശേഷ ഘടനയുമാണ്‌ ഉത്സവാവതരണം രൂപപ്പെടുത്തുന്നത്‌.''നിത്യജീവിതത്തിലെ പരിധികളുടെ അതിലംഘനം ഉത്സവങ്ങളില്‍ നടക്കാറുണ്ട്‌. പരിശുദ്ധമായവയില്‍ അശുദ്ധിബാധിക്കുകയും മതപരമായ താല്‍പര്യങ്ങള്‍ മതേതര താല്‍പര്യങ്ങളോട്‌ സന്ധിചെയ്യുകയും ചെയ്യുന്നു. സാമൂഹിക പദവികളുടെ കീഴ്‌മേല്‍ മറിയലും സാമൂഹികാതിര്‍ത്തികളുടെ ലംഘനവും, ശരിയായ നടത്തിപ്പുപോലെ ഉത്സവത്തിന്റെ അവിഭാജ്യഘടകമാണ്‌. പന്തല്‍, കുട, ആനച്ചമയം, വാദ്യമേളം, പ്രദര്‍ശനം, വെടിക്കെട്ട്‌ എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു കൂട്ടായ്‌മ ഇതില്‍ പങ്കെടുക്കുന്നു. ശക്തന്‍ തമ്പുരാന്റെ മിത്രമായിരുന്ന അരണാട്ടുകര തരകനെ പോലുള്ളവര്‍ക്ക്‌ പൂരവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനവും നിരീക്ഷിക്കപ്പെടുന്നു. പൂരപ്പൊലിമ, കൊടിയിറക്കം എന്നീ അധ്യായങ്ങളില്‍ ഇത്തരം അന്വേഷണത്തിന്റെ സാധുതയന്തെന്ന്‌ ശിവദാസ്‌ പറയുന്നു. ``ഭൂതകാലത്തിന്റെ തുടര്‍ച്ചകളെ അന്വേഷിക്കുന്നതോടൊപ്പം ഉത്സവത്തിലെ വര്‍ത്തമാന കൂട്ടായ്‌മകളിലെ മുഴുവന്‍ ബലതന്ത്രങ്ങളും'' കണ്ടെത്തുകയാണത്‌.കൊച്ചി രജ്യത്തെ ആധുനികവല്‍ക്കരിച്ച ശക്തന്‍തമ്പുരാന്റെ നാമവുമായി ബന്ധപ്പെട്ടതാണ്‌ തൃശിവപേരൂര്‍ പട്ടണത്തിന്റെയും പൂരത്തിന്റെയും പെരുമ. എന്നാല്‍ പൂരത്തിലും ചെറുപൂരങ്ങളിലും ഉള്‍പ്പെടുന്ന ദേശബന്ധങ്ങളും വിവിധ കൂട്ടായ്‌മകളും ഉപകൂട്ടായ്‌മകളുമടങ്ങുന്ന അതിന്റെ ബൃഹത്തായ ഘടനയില്‍ ചരിത്രവും സംസ്‌കാരവും മാത്രമല്ല ജാതി, തൊഴില്‍, സാമ്പത്തികം, രാഷ്‌ട്രീയം, അധികാരം തുടങ്ങിയവയെല്ലാം സന്നിഹിതമാകുന്നതെങ്ങനെയെന്ന്‌ പുസ്‌തകം പറയുന്നു.മതത്തോടും മേല്‍ജാതി കോയ്‌മയോടും ബന്ധപ്പെട്ടുണ്ടായ പൂരം എങ്ങനെ പിന്നീട്‌ മതേതരവും ദേശീയവുമായി മാറിയെന്ന അന്വേഷണത്തില്‍ ദേശീയത, ആധുനികത, അധികാരബന്ധങ്ങള്‍, നഗരവല്‍കരണം തുടങ്ങിയവയും പരാമര്‍ശവിഷയമാകുന്നുണ്ട്‌.``കൂട്ടായ്‌മയുടെ വിപുലതയും പ്രവര്‍ത്തനരീതിയുമാണ്‌ തൃശൂര്‍പൂരം എന്ന ഉത്സവത്തിന്റെ സമകാലികമായ നിലനില്‍പ്പിന്‌ അടിത്തറ... നാഗരികമായ ഒരന്തരീക്ഷത്തില്‍ നടക്കുന്ന ഈ നാടോടിയുത്സവം വ്യക്തിസത്തകളെക്കാള്‍ സജീവമായ കൂട്ടായ്‌മകളെ സൃഷ്‌ടിക്കുന്നു... നാഗരികമായ ഏകാന്തതയെ മറികടക്കും വിധമുള്ള പെരുമാറ്റരീതികളാണ്‌ തൃശൂര്‍പൂരത്തിന്റെ കൂട്ടായ്‌മയുടെ വിപുലതയ്‌ക്കു പിന്നിലുള്ളത്‌. മദ്യം, തിരക്ക്‌, കച്ചവടം, കാണികള്‍, കുടമാറ്റം, വെടിക്കെട്ട്‌, വാദ്യക്കാര്‍, വാദ്യമേളങ്ങള്‍, പൂരപ്രദര്‍ശനം എന്നിവയെല്ലാം കാഴ്‌ചയുടെയും കേള്‍വിയുടെയും ഈ മഹാമേളയില്‍ കൂടിക്കലരുന്നു.'' ഇതോടൊപ്പം ജനപ്രിയ സംസ്‌കാരത്തെ കുറിച്ച്‌്‌ റെയ്‌മണ്ട്‌ വില്യംസ്‌, അഡോണോ, ടെറിഈഗിള്‍ട്ടന്‍, ഹൊഖീമര്‍, ബക്‌തിന്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുമായി പൂരത്തിന്റെ സ്വഭാവത്തെ താരതമ്യം ചെയ്യുന്നു. പാശ്‌ചാത്യ നാടുകളിലെ കാര്‍ണിവെലുകളുമായി പൂരത്തിനുള്ള സാദൃശ്യവും വ്യത്യാസവും ചര്‍ച്ചചെയ്യപ്പെടുന്നു. പൂരം ആസ്വാദകര്‍ക്കും റിപ്പോര്‍ട്ടിങിനുമുള്ള കൈപ്പുസ്‌തകമെന്ന നിലയിലും ചരിത്ര - സാംസ്‌കാരി പഠനങ്ങള്‍ക്കുള്ള സാമഗ്രിയെന്ന നിലയിലും ഈടുറ്റതാണ്‌ കെകെ ശിവദാസിന്റെ ഈ പഠനപുസ്‌തകം.